This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലിഫോഡ്, ജോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലിഫോഡ്, ജോണ്‍

Clifford, John (1836 - 1923)

സാമൂഹിക പരിഷ്കര്‍ത്താവായ ബ്രിട്ടീഷ് പുരോഹിതന്‍. 1836 ഒ. 16-ന് ഡര്‍ബിഷയറിലെ സാലേയില്‍ ജനിച്ചു. തൊഴിലാളികള്‍ക്ക് രാഷ്ട്രീയാധികാരം ലഭിക്കുന്നതിനുവേണ്ടി ഇംഗ്ലണ്ടില്‍ ആരംഭിച്ച 'ചാര്‍ട്ടിസ്റ്റ്' പ്രസ്ഥാനത്തിന്റെ അനുഭാവിയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. 10-ാമത്തെ വയസ്സില്‍ ക്ലിഫോഡ് ഒരു ഫാക്ടറിയില്‍ ജോലി സ്വീകരിച്ചു. ഒരു ബാപ്റ്റിസ്റ്റ് പ്രഭാഷകനാകുക എന്ന ലക്ഷ്യത്തോടെ 1855-ല്‍ ലിസെസ്റ്റര്‍ ഷയറിലുള്ള 'ജനറല്‍ ബാപ്റ്റിസ്റ്റ് അക്കാദമി'യില്‍ ചേര്‍ന്നു. 1859-ല്‍ പാഡിങ്ടണി(Paddington)ലെ 'പ്രെയിഡ് സ്റ്റ്രീറ്റ് ചാപലി'ല്‍ പുരോഹിതനായി. ഇക്കാലത്ത് ലണ്ടന്‍ സര്‍വകലാശാലയിലെ പഠനം തുടര്‍ന്നിരുന്ന ഇദ്ദേഹം മാനവികം, സയന്‍സ്, നിയമം എന്നിവയില്‍ ബിരുദങ്ങള്‍ നേടുകയും ചെയ്തു.

ക്രൈസ്തവസഭയുടെ വ്യവസ്ഥാപിത നിയമങ്ങളോ സിദ്ധാന്തങ്ങളോ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ക്ലിഫോഡ് 1888-ല്‍ ബാപ്റ്റിസ്റ്റ് യൂണിയന്റെ പ്രസിഡന്റായി. ഇതേ യൂണിയനിലെതന്നെ മതപ്രഭാഷകനായിരുന്ന സി.എച്ച്. സ്പേജ്ന്‍ (C.H.Spurgeon) യൂണിയനെതിരെ ഉന്നയിച്ച മതവിരോധ-ആരോപണങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ക്ലിഫോഡ് സജീവമായി പങ്കെടുത്തിരുന്നു. ഇത് ഇദ്ദേഹത്തെ കൂടുതല്‍ പ്രസിദ്ധനാക്കി. ന്യൂ കനൈക്ഷനി(New Connexion)ലെ സാധാരണ ബാപ്റ്റിസ്റ്റുകളെ ബാപ്റ്റിസ്റ്റ് യൂണിയനുമായി യോജിപ്പിക്കാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചിരുന്നു. 1898-ല്‍ ക്ലിഫോഡ് 'നാഷണല്‍ ഫ്രീ ചര്‍ച്ച് കൗണ്‍സിലി'ന്റെ പ്രസിഡന്റായി. 1899-ല്‍ ബാപ്റ്റിസ്റ്റ്-യൂണിയന്‍ പ്രസിഡന്റായി വീണ്ടും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ക്ലിഫോഡിന് തൊഴിലാളികളോടുണ്ടായിരുന്ന സഹാനുഭൂതി, ലിബറല്‍പാര്‍ട്ടിയിലെ ഇടതുപക്ഷചിന്താഗതിക്കാരുമായി അടുക്കാന്‍ സഹായിച്ചു. ഇവരില്‍ പ്രമുഖനായിരുന്നു ജയിംസ് കിയഹാഡി. ഇംഗ്ലീഷ് വിദ്യാഭ്യാസനിയമത്തിനു നേരെയുള്ള 'സഹനസമര'ത്തിനു ക്ലിഫോഡ് ശക്തമായ പിന്തുണ നല്കിയിരുന്നു. ഈ പ്രവര്‍ത്തനമാണ് ഇദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത്. ക്ലിഫോഡിന്റെയും മതമേധാവികള്‍ക്ക് വഴങ്ങാത്ത മറ്റനേകം പേരുടെയും വസ്തുവകകള്‍ പലതവണ ഗവണ്‍മെന്റ് കണ്ടുകെട്ടി. എന്നാല്‍ വിശ്വാസികള്‍ ലോക-ബാപ്റ്റിസ്റ്റ് സഖ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റായി (1905-11) ഇദ്ദേഹത്തെ തിരഞ്ഞെടുത്ത് ആദരിച്ചു. സാമൂഹിക നന്മയെ ലക്ഷ്യമാക്കി ഇദ്ദേഹം ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്.

ദി ഇംഗ്ലീഷ് ബാപ്റ്റിസ്റ്റ് (1881), ദ് ക്രിസ്റ്റ്യന്‍ സെര്‍റ്റയിന്റീസ് (1893), ദി അള്‍ട്ടിമേറ്റ് പ്രോബ്ലംസ് ഒഫ് ക്രിസ്റ്റ്യാനിറ്റി (1906) എന്നിവയാണ് ഇവയില്‍ പ്രധാനം. അന്ത്യകാലം സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ക്ലിഫോഡ് 1923 ന. 20-ന് ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍